മുംബൈ: ഒാൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോമാറ്റോയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നു സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എഐ ചിത്രങ്ങൾ നിർമിച്ചാണ് തട്ടിപ്പ്. ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെലിവറി ഏജന്റുമാരെ കബിളിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടുന്നതിനു മുമ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.
മോശമായ ഭക്ഷണങ്ങളുടെ യഥാർഥ ചിത്രങ്ങൾ അയയ്ക്കുന്നതിനു പകരം ഈച്ചകളെയും പ്രാണികളെയും കൃത്രിമമായി ചേർത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. നല്ല രീതിയിൽ കൈമാറിയ കേക്കുകൾ തകർന്ന നിലയിലാണ് കിട്ടിയതെന്നു തോന്നിപ്പിക്കും വിധം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അയച്ച അനുഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് സൊമാറ്റോ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോയൽ പറഞ്ഞു.
പണം തിരികെ ലഭിക്കാനോ ഭക്ഷണം മാറ്റിക്കിട്ടാനോ വേണ്ടിയാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ ആളുകൾ സോമാറ്റോയുടെ ഭക്ഷണം മോശമാണെന്നു വരുത്തി തീർക്കുകയും തങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
മുടി തട്ടിപ്പും വ്യാപകം
എന്നാൽ, വ്യാജ ചിത്രങ്ങൾ മാത്രമല്ലപഴയ തരത്തിലുള്ള അടവുകളും പയറ്റുന്നവരുമുണ്ട്. ഭക്ഷണത്തിൽ സ്വന്തം മുടിയിഴകൾ ഇട്ട ശേഷം ഇതു റസ്റ്ററന്റിൽനിന്നുമുള്ളതാണെന്ന് അവകാശപ്പെടുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഇനിയിതല്ലാതെ മറ്റൊരു കൂട്ടം ആളുകൾ ഭക്ഷണം വാങ്ങിയ ശേഷം അവ ഉടയ്ക്കുകയും അമർത്തുകയും ചെയ്ത് ചിത്രങ്ങൾ എടുത്ത ശേഷം കിട്ടിയപ്പോൾ അങ്ങനെയായിരുന്നുവെന്ന് വരുത്തിതീർക്കുന്നു.
കുഴപ്പത്തിലാകുന്നവർ
ഓരോ റീഫണ്ടും അത് തയാറാക്കിയ റസ്റ്ററന്റിനെയും ഡെലിവറി ഏജന്റിനെയും ബാധിക്കും. അതിനാൽ ഇത്തരം പരാതികൾ ലഭിച്ചാൽ ഇപ്പോൾ അതിനെ സൂക്ഷ്മമായി സോമാറ്റോ പരിശോധിക്കും.
ഡെലിവറി ഏജന്റുമാരും ചിലപ്പോഴൊക്കെ ഈ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുണ്ടെന്നും ദീപിന്ദർ ചൂണ്ടികാണിക്കുന്നു. ഇത്തരം തട്ടിപ്പുകളുടെ ഭാഗമാകുന്ന ഡെലിവറി ഏജന്റുമാരെ പുറത്താക്കുന്നുണ്ട്. പ്രതിമാസം അയ്യായിരത്തിലേറെ ഡെലിവറി ഏജന്റുമാരെ സോമാറ്റോയിൽനിന്നു പുറത്താക്കുന്നുണ്ട്. ഉപഭോക്താക്കൾക്കു ഭക്ഷണം നല്കാതെ ഡെലിവറി ചെയ്തു എന്ന് ആപ്പിൽ രേഖപ്പെടുത്തുന്നതാണ് ഡെലിവറി ഏജന്റമാരുടെ മറ്റൊരു കുതന്ത്രം. സമാനമായ മറ്റൊരു തട്ടിപ്പ് നടക്കുന്നത് കാഷ്-ഓൺ-ഡെലിവറി ഓർഡറുകളിലാണ്.
ബാക്കി നൽകാതെ
ചില ഡെലിവറി ഏജന്റുമാർ ബാക്കി നൽകാൻ പണം നല്കാനില്ലാത്ത സാഹചര്യത്തിൽ മുഴുവൻ തുകയും വാങ്ങിയ ശേഷം ബാക്കി പണവുമായി തിരികെ വരാമെന്നു വാഗ്ദാനം ചെയ്യും. എന്നാൽ, തിരികെ വരാറില്ല. ഇതിലൂടെ ഉപഭോക്താവിനു നഷ്ടപ്പെടുന്ന പണം കന്പനിക്ക് ഏറ്റെടുക്കേണ്ടതായിട്ടും
പരിഹരിക്കേണ്ടതായും വരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സൊമാറ്റോ കർമ സ്കോർ എന്നൊരു രീതി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താവിന്റെയും ഡെലിവറി ഏജന്റിന്റെയും മുൻകാല പെരുമാറ്റങ്ങൾ പരിശോധിക്കുന്നതിനാണ് ഈ സ്കോർ ഉപയോഗിക്കുന്നത്.
ഒരു ഉപഭോക്താവ് സ്ഥിരമായി പരാതിപ്പെടുന്ന ആളാണെങ്കിൽ, ഡെലിവറി ഏജന്റിന്റെ റിക്കാർഡ് മികച്ചതാണെങ്കിൽ സൊമാറ്റോ ഡെലിവറി പങ്കാളിയെയാണ് വിശ്വസിക്കുക. ഡെലിവറി ഏജന്റിനെതിരെ ധാരാളം പരാതികൾ ഉണ്ടെങ്കിൽ സൊമാറ്റോ ഉപഭോക്താവിന്റെ ഒപ്പം നിൽക്കും. സ്ഥിരമായി ഒരേ ഡെലിവറി ഏജന്റിനെതിരെ പരാതികൾ ആവർത്തിക്കുമ്പോൾ, സൊമാറ്റോ കർശന നടപടിയെടുക്കുകയും അവരെ പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും വ്യക്തമായാൽ സൊമാറ്റോ റീഫണ്ട് നിരസിക്കും.